വേദപുസ്തകത്തിലെ ചില സ്ത്രീകള്‍
എല്ലാ പ്രിയ വായനക്കാര്‍ക്കും സ്‌നേഹവന്ദനം.എബ്രായ സാംസ്‌കാരിക പശ്ചാത്തലത്തിലാണ് വേദപുസ്തകം രചിക്കപ്പെട്ടത്. ഗോത്ര പിതാക്കന്മാരുടെ ആധിപത്യത്തില്‍ അമര്‍ന്നിരുന്ന എബ്രായ ജനതയുടെ കുടുംബങ്ങളും സാമൂഹ്യ ഘടനകളും പുരുഷ കേന്ദ്രീകൃതമായിരുന്നു. എന്നിട്ടുപോലും വിശുദ്ധ വേദപുസ്തകത്തില്‍ അങ്ങിങ്ങായി സ്ത്രീ സമത്വ സംഭവങ്ങള്‍ ശ്രദ്ധേയമാണ്. വേദപുസ്തകത്തില്‍ ധാരാളം സ്ത്രീകളെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ചിലര്‍ തെളിഞ്ഞു കാണപ്പെടുന്നു.
വേദപുസ്തകം ആദിമുതല്‍ ഒന്നു കണ്ണോടിച്ചു നോക്കാം. ഉല്പത്തി 2 ല്‍ പറയുന്ന പ്രകാരം, യഹോവയായ ദൈവം മനുഷ്യനില്‍ നിന്നെടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി. മനുഷ്യന്റെ തലയില്‍ നിന്നോ കാലില്‍ നിന്നോ അല്ല, വാരിയെല്ലില്‍ നിന്നാണ് സ്ത്രീയെ സൃഷ്ടിച്ചത്. അപ്പോള്‍ മനുഷ്യനേക്കാള്‍ ഉയര്‍ന്നതോ താഴ്ന്നതോ അല്ലാത്ത, മനുഷ്യനോടു സമമായ ഒരു സ്ഥാനം തന്നെ സ്ത്രീക്കും ഉണ്ടായിരുന്നു.
- ഉല്പത്തി 3:20 : മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ഹവ്വായില്‍ നിന്നും ഉത്ഭവിച്ചതിനാല്‍ ദൈവം അവളെ ജീവനുള്ളവരുടെയെല്ലാം മാതാവ് എന്നു വിളിക്കുന്നു.
- ഉല്പത്തി 17:16 : സാറായില്‍ നിന്നും ജാതികളുടെ രാജാക്കന്മാര്‍ ഉത്ഭവിച്ചതിനാല്‍ അവളെ ജാതികളുടെ മാതാവ് എന്ന് ദൈവം വിളിക്കുന്നു.
- പുറപ്പാട് 1:15 : സമൂഹത്തില്‍ വലിയ നിലയും വിലയും ഇല്ലാതിരുന്ന രണ്ടു സൂതികര്‍മ്മിണികള്‍. ശിപ്രായും പൂവയും. അവര്‍ ദൈവത്തെ ഭയപ്പെട്ടതുകൊണ്ട്, എബ്രായ സ്ത്രീകള്‍ ജന്മം നല്‍കിയ ആണ്‍കുട്ടികളെ കൊന്നു കളയാതെ രക്ഷിച്ചവരുടെ കൂട്ടത്തില്‍ മോശെയും രക്ഷപ്പെട്ടു.
- യോശുവ 2:1 വേശ്യയായിരുന്ന രാഹാബ് എന്ന സ്ത്രീ സമയോചിതമായി പ്രവൃത്തിച്ച് യോശുവയുടെ ആളുകളെ ഒളിപ്പിച്ചതുമൂലം അവളുടെ കുടുംബത്തെ മുഴുവന്‍ രക്ഷപ്പെടുത്തുകയും പിന്നീട് മാനസാന്തരപ്പെട്ട് ദാവീദിന്റെ വംശാവലിയിലെ ചുരുക്കം സ്ത്രീകളുടെ കൂടെ സ്ഥാനം നേടുകയും ചെയ്തു.
- ന്യായാധി. 4:4 യിസ്രായേലിനെ ന്യാപാലനം ചെയ്തിരുന്ന ദബോര ഒരേ സമയം ന്യാപലകയും പ്രവാചകിയും ആയിരുന്നു. യിസ്രായേല്‍ മക്കള്‍ക്കു ന്യായപാലനം ചെയ്തിരുന്ന 12 പേരില്‍ ഉണ്ടായിരുന്ന ഒരേ ഒരു സ്ത്രീ ന്യായധിപ അന്നും ഇന്നും സ്ത്രീകള്‍ക്ക് അഭിമാനം തന്നെ.
- ന്യായാധി. 4:17 ഇരുപത് സംവത്സരമായി യിസ്രായേല്‍ മക്കളെ പീഡിപ്പിച്ചിരുന്ന സീസെരായെ ഒറ്റയ്ക്ക് കൊന്നുകളവാന്‍ തക്ക സാമര്‍ത്യവും ബുദ്ധിയും ഉള്ളവളായിരുന്നു യായേല്‍.
- രൂത്ത് 1,2 അദ്ധ്യായങ്ങള്‍: സഹനത്തിന്റെ മൂര്‍ത്തിഭാവമായ രൂത്ത് തന്റെ അമ്മയിഅമ്മയോടു കാണിച്ച സ്‌നേഹവും ബന്ധവും ദൈവം ആദരിച്ച് അവള്‍ക്കും ദാവീദിന്റെ വംശാവലിയില്‍ സ്ഥനം നല്‍കി.
- എസ്ഥേര്‍ - രാജകൊട്ടാരത്തില്‍ രാജകീയ സുഖത്തില്‍ മുഴുകി, സ്വന്തക്കാരെ മറന്ന് ജീവിക്കായമായിരുന്ന എസ്ഥേറിന്റെ നിശ്ചയദാര്‍ഡ്യവും ജീവിത സമര്‍പ്പണവും യഹൂദജാതിയുടെ മുഴുവന്‍ വീണ്ടെടുപ്പിനും കാരണമായിത്തീര്‍ന്നു.
പുതിയ നിയമത്തില്‍ രണ്ടു കാലഘട്ടങ്ങള്‍ കാണാം ഒന്ന് യേശുവിന്റെ ജനന ജീവിത കാലഘട്ടം, രണ്ട് ആദിമ സഭയുടെ കാലഘട്ടം.
- കന്യക മറയാം - യേശുവിന്റെ ജഡധാരണത്തിന് ഭൂമിയില്‍ ഒരു പുരുഷന്റെ സാന്നിദ്ധ്യം ആവശ്യമായിരുന്നില്ല. മറിച്ച് ഒരു സ്ത്രീയുടെ സാന്നിദ്ധ്യവും സമര്‍പ്പണവും ആയിരുന്നു ആവശ്യം. അതിനായി ദൈവം തെരഞ്ഞെടുത്ത സ്ത്രീ. അവളുടെ മഹത്വം വര്‍ണ്ണിക്കാന്‍ വാക്കുകള്‍ക്ക് അസാദ്ധ്യം.
- ശമര്യയ്യക്കാരി സ്ത്രീ - നിന്ദിക്കപ്പെട്ട ഒരു സ്ത്രീത്വം ആയിരുന്നു അവളുടേത്. എന്നാല്‍ അവളോടുള്ള യേശുവിന്റെ അഭിമുഖീകരണത്തിലൂടെ ഒരു പട്ടണം മുഴുവന്‍ രൂപാന്തരപ്പെട്ടു.
- മഗ്ദലക്കാരി മറിയ- ഏഴു ഭൂതങ്ങളെ പുറത്താക്കിയപ്പോള്‍ മുതല്‍ കര്‍ത്താവിനോട് ചേര്‍ന്നു നടന്ന്, കര്‍ത്താവിന്റെ പുനരുദ്ധാനത്തിനു സാക്ഷിയായിത്തീര്‍ന്നു.
- രക്തസ്രാവക്കാരി സ്ത്രീ - യേശു അറിയാതെ പോലും യേശുവിന്റെ വസ്ത്രത്തില്‍ ഒന്നു തൊട്ടാല്‍ സൗഖ്യം കിട്ടുമെന്ന് അതീവമായി വിശ്വസിച്ചവള്‍.
- പുറജാതിക്കാരി സ്ത്രീ - വിശ്വാസം പരീക്ഷിക്കുന്നതിനായി നയയോടു ഉപമിച്ചു പറഞ്ഞിട്ടും വിടാതെ പിടിക്കുന്ന വിശ്വാസം ഉള്ളവള്‍.
യേശുവിന്റെ ക്രൂശീകരണ വേളയില്‍ ഇടയനെ നഷ്ടപ്പെട്ട ആടുകളെപ്പോലെ ശിഷ്യന്മാര്‍ ഓടിയപ്പോള്‍ യേശുവിനെ അനുഗമിക്കുന്നതും കരളലിയിക്കുന്ന ക്രൂശീകരണ രംഗത്തിനു സാക്ഷികള്‍ ആവുന്നതും സ്ത്രീകള്‍ ആണ്. മൂന്നാം നാള്‍ കല്ലറയ്ക്കല്‍ എത്താനുള്ള തിടുക്കം കാട്ടുന്നതും അവിടെ എത്തി ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്ന ദൂത്, ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവില്‍ നിന്നു തന്നെ ഏറ്റുവാങ്ങിയതും സ്ത്രീകള്‍ തന്നെ. പുനരുദ്ധാനത്തിന്റെ ആദ്യസാക്ഷികള്‍ എന്ന നിലയില്‍ സഭയുടെ പില്‍ക്കാല രൂപീകരണത്തിനും സുവിശേഷ ഘോഷണത്തിനും സ്ത്രീകള്‍ക്കുള്ള പങ്കു നിര്‍ണ്ണായകമാണ്.
ആദ്യ സഭയിലെ സ്ത്രീകള്‍
- അ.പ്ര. 18:2 - 'എന്റെ പ്രാണനുവേണ്ടി കഴുത്തു വെച്ചുകൊടുത്തവര്‍' എന്ന് പൗലോസ് അപ്പസ്‌തോലന്‍ സാക്ഷ്യം പറയുന്ന രണ്ടു സ്ത്രീകള്‍ അക്വിലായും പ്രിസ്‌ക്കയും-അവരുടെ ത്യാഗം.
- റോമര്‍ 16:1 - കെംക്രേയ സഭയിലെ ശുശ്രൂഷക്കാരി ഫേബ-വിശുദ്ധന്മാരുടെ സ്ഥാനമാണ് പൗലോസ് അപ്പോസ്തലന്‍ അവര്‍ക്കു നല്‍കിയത്.
- റോമര്‍ 16:12 വീണ്ടും പൗലോസ് അപ്പൊസ്തലന്‍ സാക്ഷിക്കുന്നു 'കര്‍ത്താവില്‍ വളരെ അദ്ധ്വനിച്ചവളായ് പെര്‍സീസ് എന്ന സ്ത്രീയെപ്പറ്റി.
- ഫിലി. 4:2,3 - സുവിശേഷ ഘോഷണത്തില്‍ തന്നോടുകൂടെ പോരാടിയവര്‍ എന്ന് പൗലോസ് അപ്പൊസ്തലന്‍ സാക്ഷിക്കുന്ന യുവോദ്യയും സുന്തുകയും.
സദൃശ്യവാക്യങ്ങളില്‍ സ്ത്രീകളുടെ പൊതു ഗുണത്തെപ്പറ്റി പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കാം.
- സ.വാ. 12:4 - സാമര്‍ത്ഥ്യമുള്ള ഭാര്യ ഭര്‍ത്താവിന് ഒരു കിരീടം.
- സ.വാ. 14:1 - സ്ത്രീകളില്‍ ജ്ഞാനമുള്ളവള്‍ തന്റെ വീട് പണിയുന്നു.
- സ.വാ. 31:10 - സാമര്‍ത്ഥ്യമുള്ള ഭാര്യയുടെ വില മുത്തുകളിലും ഏറ്റം.
- സ.വാ. 31:30 - യഹോവ ഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.
മുകളില്‍ കണ്ട ഭാഗങ്ങളില്‍ നിന്നും സ്ത്രീ എങ്ങനെയുള്ളവളായിരിക്കണം എന്ന് നമുക്ക് മനസ്സിലാക്കാം.
- സ്ത്രീ ദൈവഭയമുള്ളവളായിരിക്കണം. ഉദാ. ശിപ്രാ, പൂവാ
- സ്ത്രീ സാമര്‍ത്ഥ്യമുള്ളവളായിരിക്കണം. ഉദാ. യായേല്‍ രാഹാബ്
- സ്ത്രീ ജ്ഞാനമുള്ളവളായിരിക്കണം. ഉദാ. ദബോര
- സ്ത്രീ സഹനമുള്ളവളായിരിക്കണം. ഉദാ. രൂത്ത്
- സ്ത്രീ സമര്‍പ്പണമുള്ളവളായിരിക്കണം. - യേശുവിന്റെ അമ്മ മറിയം
- സ്ത്രീ മാനസാന്തരത്തിന് ഒരുക്കമുള്ളവളായിരിക്കണം. ഉദാ. മഗ്ദല മറിയം
- സ്ത്രീ വിശ്വാസമുള്ളവളായിരിക്കണം. ഉദാ. പുറജാതിക്കാരി സ്ത്രീ
- സ്ത്രീ സുവിശേഷ ഘോഷണത്തിന് ഒരുക്കമുള്ളവളായിരിക്കണം. ഉദാ. യുവോദ്യ, സുന്തുക
- സ്ത്രീ കര്‍ത്താവിനു വേണ്ടി മരിക്കാന്‍ ഒരുക്കമുള്ളവളായിരിക്കണം. ഉദാ. അക്വിലാ, പ്രിസ്‌ക
വീണ്ടും ജനിച്ച്, പരിശുദ്ധാത്മാ നിറവു പ്രാപിച്ച്, സഭയില്‍ ശുശ്രൂഷിക്കുന്ന, കര്‍ത്താവിനു വേണ്ടി ജീവന്‍ കൊടുക്കാന്‍ തയ്യാറുള്ള സ്ത്രീകള്‍ ക്രിസ്തീയ സഭയില്‍ ഉണ്ടാകട്ടെ എന്നു നമുക്ക് പ്രാര്‍ത്ഥിക്കാം..
സ്‌നേഹത്തോടെ
ആലീസ് മാത്യു
കൊടുവശ്ശേരില്‍
No comments:
Post a Comment