സിംഹാസനത്തില്‍ ഇരിക്കുന്നവന്റെ മുഖം കാണതവണ്ണവും കുഞ്ഞാടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറപ്പിന്‍ അവരുടെ മാഹാ കോപദിവസം വന്നു. ആര്‍ക്ക് നില്‍പ്പാന്‍ കഴിയും.
സ്‌നേഹത്തിന്റെ അപ്പോസ്തലനും അവസാനവരെയും ക്രൂശിന്റെ ചുവട്ടില്‍ വരെയും അരുമനാഥനുമായ തന്റെ ഗുരുവിനെ പറ്റിചേര്‍ന്ന് നിന്ന അപ്പൊസ്തലനാണ് യോഹന്നാന്‍. ഈ യോഹന്നാന് യേശുക്രിസ്തു തന്നെ വെളിപ്പെടുത്തികൊണ്ട് ലോകത്തില്‍ സംഭവിക്കാനിരിക്കുന്നത്. പത്മോസില്‍ വെളിപ്പെടുത്തി. ഡോമിഷ്യന്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തില്‍ (എ.ഡി 81-96) നാടുകടത്തപ്പെട്ട യോഹന്നാന്‍ യേശുക്രിസ്തുവിന്റെ സാക്ഷ്യം നിമിത്തം പത്മോസില്‍ ഏകാന്തതയില്‍ ആഴ്ചവട്ടത്തിന്റെ ഒന്നാം നാളില്‍ ഈ ദര്‍ശനം താന്‍ കാണുകയാണ്.
ഉല്പത്തി പുസ്തകം ആരംഭത്തിന്റെ പുസ്തകമാണെങ്കില്‍ വെളിപ്പാട് പുസ്തകം സമാപനത്തിന്റെ പുസ്തകം ആണ്. വെളിപ്പാട് പുസ്തകത്തിന്റെ ഗ്രീക്ക് ശീര്‍ഷകം അപ്പൊക്കാലിപ്‌സ് എന്നാണ്. മറനീക്കി കാണിക്കുക എന്നര്‍ത്ഥം. വെളിപ്പാട് എന്നത് ഏകദേശം അതേ അര്‍ത്ഥം വരുന്ന ഒരു പദമായതിനാല്‍ പേര് വളരെ അന്വര്‍ത്ഥമായിരിക്കുന്നു. മനസ്സിലാകാത്ത പലതും ഈ പുസ്തകത്തിലുണ്ടെങ്കിലും മനസ്സിലാകുന്ന വളരെയേറെ ഇതിലുണ്ട്. ഇതിലെ അന്തര്‍ധാര ദൈവജനത്തിന്റെ സുരക്ഷിതത്വമാണ്. എന്ത് സംഭവിച്ചാലും ശരി ഒരു നിത്യ സൗഭാഗ്യത്തിന്റെ അവകാശികളാണ്. ക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ദൈവജനം ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേള്‍ക്കുന്നവനും അതില്‍ എഴുതിയിരിക്കുന്നത് പ്രമാണിക്കുന്നവനും ഭാഗ്യമുള്ളവരാണ്.
വെളിപ്പാട് പുസ്തകത്തില്‍ പറയുന്ന ഏഴു മുദ്രകളില്‍ ആറാം അദ്ധ്യായത്തില്‍ ആറുമുദ്രകള്‍ വിവരിച്ചിരിക്കുകയാണ്. ഓരോ മുദ്രകള്‍പ്പൊട്ടിക്കുന്നതിനോടൊപ്പം വിനാശങ്ങളുടെ പരമ്പരതന്നെ ഉണ്ടാകുന്നു. ജയിക്കുന്നവന്റെ വരവിനു തൊട്ടുപിറകിലായി പ്രവാചകന്മാര്‍ മുഖാന്തരം ദൈവം മുന്‍കൂട്ടി അരുളിചെയ്തിട്ടുള്ള യിര. 14:12 യെഹ. 14:21 സംഹാരം, ക്ഷാമം, വ്യാധി ഇവവരുന്നു. ദൈവം കണക്കു തീര്‍ക്കുന്ന നാളില്‍ സംഭവിക്കുന്ന സര്‍വ്വ ലൗകീക വിപത്തുകളാണ്. യോഹന്നാന്‍ വെളിപ്പാടിന്റെ ഭാഷയില്‍ ഇന്നു നാം സ്ഥിരമായിരിക്കുമെന്നു കണക്കാക്കുന്ന എല്ലാറ്റിന്റെയും നാശം വിവരിക്കുന്നു.
എന്നാല്‍ ആര്‍ക്ക് നില്‍ക്കുവാന്‍ കഴിയും? എന്ന ചോദ്യം വളരെ പ്രസക്തമാണ്. ക്രൈസ്തവ സമൂഹത്തോട് മാത്രമല്ല സര്‍വ്വ ലോകപരമായ ഒരു ചോദ്യമാണ് ഇത് കാരണം ദൈവതേജസ്സ് അനുഭവിച്ച ആദ്യമതാപിതാക്കന്മാര്‍ അനുസരണക്കേട് നിമിത്തം ദൈവസന്നിധിയില്‍ നില്‍പ്പാന്‍ കഴിയാതെ ഓടിപ്പോകുക മാത്രമല്ല ഒളിച്ചിരുന്നു. എന്നാല്‍ മനുഷ്യനെ തേടിവരുകയാണ് ചെയ്തത്. തന്റെ പുത്രനെ ലോകത്തില്‍ അയയ്ക്കുകയും ''നാം അവന്റെ സന്നിധിയില്‍ വിശുദ്ധരും നിഷ്‌കളങ്കരും ആകേണ്ടതിന് അവന്‍ ലോകസ്ഥാപനത്തിന് മുമ്പെ അവനില്‍ തെരഞ്ഞെടുത്തു. എഫേ. 1:4. ഇന്നത്തെ സമൂഹത്തെയും സമൂഹത്തിന്റെ വിവിധ സാമൂഹിക തിന്മകള്‍ വിശ്വാസസമൂഹതതിന്റെ അവിശ്വസ്തത, പാപകരമായ ജീവിതം ഇവ വളരെ അധികം വര്‍ദ്ധിച്ചു വന്നു കൊണ്ടിരിക്കുമ്പോള്‍ മുന്നറിയപ്പോടെ ചോദിക്കുന്ന ഒരു ചോദ്യം ആര്‍ക്കു നില്‍ക്കുവാന്‍ കഴിയും?
അതിന്റെ ഉത്തരം ഈ ലേഖനത്തിന്റെ അവസാനം ലഭിക്കും.
1. പാപിക്ക് സാദ്ധ്യമല്ല - അവന്‍ പിന്‍വാങ്ങും.
മനുഷ്യന് പാപിയാണ് എന്ന് എല്ലാ മതങ്ങളും പഠിപ്പിക്കുന്നു. പരിശുദ്ധനും വിശുദ്ധനും ആയ ദൈവത്തിന്റെ സന്നിധിയില്‍ നില്‍ക്കണം എങ്കില്‍ പാപത്തിന്റെ പരിഹാരം കാണണം. ആ പരിഹാരം യേശുക്രിസ്തുവില്‍ക്കൂടി സാധ്യമായി. എന്നാല്‍ പാപത്തെ ഏറ്റുപറയുന്നവന് മാത്രമെ അത് കൈവശമാക്കുകയുള്ളൂ. പഴയനിയമത്തില്‍ ആട്ടുകൊറ്റന്മാരുടെയും കാളക്കിടാങ്ങളുടെയും പ്രാവിന്റയും രക്തം പാപത്തിന്റെ പരിഹാരം വരുത്തിയപ്പോള്‍ ഗാഗുല്‍ത്തായുടെ ഉന്നമനത്തില്‍ മാനവജാതിയുടെ പാപത്തിന്റെ പരിണിത ഫലമായി യേശുക്രിസ്തു പരമയാഗമായി തീര്‍ന്നു. യേശുക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുപ്പ് പ്രാപിച്ച ഒരുവന് മാത്രമെ പാപത്തില്‍ നിന്ന് വിടുതല്‍ പ്രാപിക്കുവാന്‍ കഴിയുകയുള്ളൂ.
രണ്ട് വിധത്തിലുള്ള പാപസ്വഭാവം മനുഷ്യനില്‍ ഉണ്ട്. ഒന്ന് രഹസ്യപാപം, രണ്ട് പരസ്യപാപം. ഇത് രണ്ടും മനുഷ്യന് ദൈവസന്നിധിയില്‍ നില്‍പ്പാന്‍ യോഗ്യതയില്ല ഇത്തത്തെ സമൂഹത്തില്‍ ഏറ്റവും അധികം പാപത്തില്‍ വലിച്ചിഴയ്ക്കുന്ന പ്രവണത എന്നു പറയുന്നത് മൊബൈല്‍ ഫോണ്‍, ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ്, നെറ്റ് ഇവയുടെ ദുരുപയോഗങ്ങള്‍ ആണ് കൗമാരപ്രായക്കാര്‍ മുതല്‍ പ്രയപരിധിയില്ലാതെ വാര്‍ദ്ധക്യം വരെ ഇത് പാപത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു എന്നു മാത്രമല്ല ഓണ്‍ലൈനിലെ മരണക്കെണികളില്‍ സമൂഹം ഇല്ലാതെയാകുന്നു. പാപം ചുമക്കുന്ന വ്യക്തി ഒരിക്കലും ദൈവസന്നിധിയില്‍ നില്‍ക്കുകയില്ല.
2. കപടഭക്തിക്കാരന് സാധ്യമല്ല. - അവന്‍ ഭയപ്പെടും
''സീയോനിലെ പാപികള്‍ പേടിക്കുന്നു വഷളരായവര്‍ക്ക് നടുക്കം പിടിച്ചിരിക്കുന്നു നമ്മില്‍ ആര്‍ ദഹിപ്പിക്കുന്ന തീയുടെ അടുക്കല്‍ പാര്‍ക്കു?'' (യെശ. 33:14)
വഷളത്വത്തിന്റെ നടുക്കടലില്‍ ഒരുവന്‍ വീണിട്ട് കപടഭക്തിയുടെ വേഷം ധരിച്ച് ദൈവസന്നിധിയില്‍ നില്‍ക്കുവാന്‍ സാധ്യമല്ല. ഇന്ന് കപടഭക്തി വളരെയധികം പെരുകിയിരിക്കുന്നു. ദുരൂപദേശത്തിന്റെ വലയില്‍ കുടുങ്ങികിടക്കുന്ന ആത്മീക ലോകത്ത് പ്രമുഖന്മാര്‍ പോലും വീണുകിടക്കുന്നു. ആത്മീയതയെ ഒരു കച്ചവടമാക്കി മാറ്റിയിരിക്കുന്നു. ഇവര്‍ക്ക് മുമ്പില്‍ ചാട്ടവാര്‍ എടുക്കേണ്ട കാലം അടുത്ത് എത്തിയിരിക്കുന്നു. പൊയ്മുഖങ്ങള്‍ അഴിച്ച് മാറ്റിയില്ല എങ്കില്‍ ദൈവകോപത്തിന്റെ ന്യായവിധികള്‍ കടന്നുവരും. അനന്യാസും സഫീറയും കാപട്യത്തിന്റെ പൊയ്മുഖം ധരിച്ച് വന്നു ഏങ്കിലും അപ്പോസ്തലന്റെ വാക്കിന് മുമ്പില്‍ മരിച്ചുവീണു. കാപട്യം കാണിച്ച യിസ്രായേലിന്റെ ഒന്നാമത്തെ രാജാവ് ശൗല്‍ ദൈവസന്നിധിയില്‍ നിന്ന് തള്ളപ്പെട്ടു. അങ്ങനെയെങ്കില്‍ ഇന്നത്തെ സമൂഹം ക്രിസ്തുവിന്റെ നാമം ധരിച്ച് അനേകര്‍ കപടഭക്തിക്കാരെപ്പോലെ കടന്നു വരുമ്പോഴും ഓര്‍ക്കുക: അവര്‍ ദൈവസന്നിധിയില്‍ നില്‍ക്കുകയില്ല.
3. സമ്പന്നന് സാദ്ധ്യമല്ല - അവന്‍ ഒളിയിടം തേടും.
''ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകല ദാസന്മാരും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ട് മലകളോടും പാറകളോടും ഞങ്ങളുടെ മേല്‍ വീഴുവിന്‍'' (വെളി. 6:15)
സമ്പന്നന്‍ ഒരിക്കലും സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുകയില്ല. സുപ്രസിദ്ധനായ സമൃദ്ധിയുടെ സുവിശേഷകന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ബെന്‍ഹിന്‍ തന്റെ മാനസാന്തരം ആത്മീയലോകം കണ്ട് ഞെട്ടിപ്പോയി. ബില്ലിഗ്രഹാമിന്റെ ജീവിതം മനസ്സിലാക്കിയ താന്‍ ഇതുവരെയും പഠിപ്പിച്ചത് തെറ്റായിപ്പോയി എന്നത് ഓര്‍ത്തു തനിക്ക് ഒരു മടങ്ങിവരവ് ഉണ്ടായി.
ദൈവത്തിന്റെ ജ്ഞാനം നല്‍കി അനുഗ്രഹിച്ച ശലോമോന്‍ രാജാവ് തന്റെ പണവും പ്രതാപവും കണ്ട് നിഗളിച്ചപ്പോള്‍ താന്‍ വിശ്വാസ വീരന്മാരുടെ പട്ടികയില്‍ തള്ളപ്പെടുവാന്‍ ഇടയായി. ബാബിലോണ്യ രാജാവായ ബെല്‍ത്ത്ശസ്സര്‍ തന്റെ പ്രതാപത്തിലും ധനത്തിലും അഹങ്കരിച്ച് തന്റെ മന്ദിരത്തില്‍ ആലയത്തിലെ പൊന്‍ പ്രാത്രങ്ങളില്‍ മദ്യം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ദൈവീക ന്യായവിധി ഉണ്ടായി സമ്പന്നന്‍ തന്റെ ഒളിയിടം തേടിയാത്രയാകുമ്പോള്‍ നിത്യത തനിക്ക് നഷ്ടമാകും എന്നത് ഓര്‍ക്കുന്നില്ല. ധനവാനും ലാസറിന്റെയും ഉപമ നമ്മെ പഠിപ്പിക്കുന്നതും അതുതന്നെയാണ്. അതുകൊണ്ട് ഒരിക്കല്‍പ്പോലും ധനവാന്‍ ദൈവസന്നിധിയില്‍ നില്‍ക്കുകയില്ല.
4. നീതിമാന്‍ (ദൈവഭക്തന്‍) ദൈവസന്നിധിയില്‍ നില്‍ക്കും.
ക്രിസ്ത്യനിക്ക് നില്‍ക്കുവാന്‍ കഴിയും. യേശുവിനെ സ്വന്തരക്ഷിതാവായി സ്വീകരിച്ച് കല്പന പ്രമാണിക്കുന്ന ഏത് ഭക്തനും ദൈവസന്നിധിയില്‍ നില്‍ക്കും. സങ്കീര്‍ത്തനക്കാരനായ ദാവീദ് പറയുന്നത് നാശകരമായ കുഴിയിലും കുഴഞ്ഞ ചേറ്റിലും കിടന്നിരുന്ന നമ്മെ സുസ്ഥിരമായ പാറമേല്‍ നിര്‍ത്തി. ക്രിസ്തുവാകുന്ന പാറമേല്‍ നില്‍ക്കുന്ന ഒരുവന്‍ വീണ് പോകയില്ല. അവന്റെ വായില്‍ പുതിയ പാട്ട് ദൈവം നല്‍കുന്നു. ദൈവപൈതലിന്റെ വായില്‍ ഒരു ആരാധന ഉണ്ട്. ക്രിസ്തുവാകുന്ന പാറമേല്‍ നില്‍ക്കുന്ന ദൈവഭക്തന് ഈ ലോകത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോഴും തകര്‍ത്തുകളയുന്ന തിരമാലകള്‍ ഉയര്‍ന്നുവരുമ്പോഴും ക്രിസ്തുവില്‍ നില്‍ക്കുവാന്‍ കഴിയട്ടെ. ദുരൂപദേശത്തിന്റെ കൊടുങ്കാറ്റിനാല്‍ ആടിയുലയുന്ന വിശ്വാസജീവിതത്തില്‍ ശുഭതുറമുഖത്ത് എത്തിക്കുന്ന കര്‍ത്താവ് നമ്മെ നിര്‍ത്തും എന്ന പ്രത്യാശയോടെ ക്രിസ്തുവില്‍ തന്നെ ഉറപ്പിക്കുവാന്‍ നമുക്ക് കഴിയട്ടെ. എന്ന് ആഗ്രഹിക്കുന്നു.
പാസ്റ്റര്‍ സാം മാത്യു
തിരുവല്ല
No comments:
Post a Comment