നമ്മള്‍ കളയുന്ന വെയിസ്റ്റ് തിന്ന് വൃത്തിയാക്കുന്നത് കാക്കയായിരുന്നു. ഇന്നത്തെ മോഡേണ്‍ അച്ചിമാര്‍ പ്ലാസ്റ്റിക്ക് കൂടുകളില്‍ പൊതിഞ്ഞ് എറിയുന്നതുകൊണ്ട് കാക്കയ്ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയായി.
മറ്റ് ഇതര പക്ഷികളില്‍ വെച്ച് കാക്കയെ മാത്രം എല്ലാവരും എറിയും. എവിടെ ചെന്നിരുന്നാലും ഓടിക്കും. ആകൃതിയും സൗണ്ടും കളറും പൊതുവേ ആര്‍ക്കും ഇഷ്ടമല്ല. ഒരു പക്ഷേ വിവിധ ഇടങ്ങളില്‍ നിന്ന് വ്യത്യസ്ത വ്യക്തികളാല്‍ ഏറ് കൊള്ളുന്ന സ്ഥിതിയാണ് നിങ്ങളുടെയെങ്കില്‍ ഭരപ്പെടേണ്ട ദൈവത്തിന് ചില ദൗത്യങ്ങള്‍ ഏല്പ്പിക്കുവാനുണ്ട്. അപവാദങ്ങളുടേയും പരിഹാസത്തിന്റേയും നിന്ദയുടേയും ഏറ് കാരണം നിരാശപ്പെടരുത്. ദൈവീക പദ്ധതി നിങ്ങളില്‍ നിറവേറാനുണ്ട്.
പ്രായം ഉള്ളവരും പ്രായം കുറഞ്ഞവരും സ്ത്രികളും കുട്ടികളും പുരുഷന്മാരും എന്നിങ്ങനെ സകലരും കാക്കയെ എറിയും. സ്വന്തക്കാരും, ചാര്‍ച്ചക്കാരും, വീട്ടുക്കാരും, നാട്ടുക്കാരും, കൂട്ടക്കാരും, പള്ളിക്കാരും, കൂട്ടുക്കാരും ഇങ്ങനെ എല്ലാവരും നമ്മെ എറിഞ്ഞെന്നിരിക്കും. പ്രാവിനെ കണ്ടാല്‍ നമ്മള്‍ ധാന്യം ഇട്ടുകൊടുക്കും. എന്നാല്‍ കാക്കയെ എറിയും. ദൈവം പ്രാവിനെ അല്ല ഇവിടെ ദൗത്യം ഏല്പിക്കുന്നത്. എല്ലാവരും നിന്ദിക്കുന്ന കാക്കയെ ആണ്. മറ്റുള്ളവരുടെ നോട്ടത്തില്‍ നിങ്ങള്‍ വെറുക്കപ്പെട്ടവനാണ്. എന്നാല്‍ ദൈവം നിങ്ങളില്‍ ചില നന്മകള്‍ കണ്ടെത്തിയിട്ടുണ്ട്.
ഒരു പ്രതിസന്ധിയുടെ മുമ്പില്‍ കൂട്ടായ്മ കാണിക്കുന്നത് കാക്കയുടെ പ്രത്യേകതയാണ്. കൂട്ടത്തില്‍ ഒരുവന് ഒരു വിഷയം ഉണ്ടായാല്‍ സ്വന്തംകാര്യം നോക്കിപോകുന്ന സ്വഭാവം കാക്കയ്ക്കില്ല. മറിച്ച് ഒരുവനുവേണ്ടി എല്ലാവരും അണി നിരക്കും. ശത്രുവിനെതിരെ ഒന്നിച്ച് പോരാടും. മറ്റ് ഇതര പക്ഷികള്‍ക്ക് ഇല്ലാത്ത പ്രത്യേകതയാണിത്.
ദൈവമക്കളായ നമ്മില്‍ ഒരുവന്റെ പ്രശ്‌നത്തില്‍ മുമ്പില്‍ സ്വാര്‍ത്ഥത നോക്കി മാറിനില്ക്കുകയല്ല പകരം ഉള്ള ദൈവജനം കൈയ്യോട് കൈ കോര്‍ത്തുപിടിച്ച് അന്ധകാര ശക്തികള്‍ക്കെതിരെ ആത്മാവില്‍ പോരാടണം. വിശ്വാസമെന്ന പരിച ധരിച്ച് വചനത്തിന്റെ വാളെടുത്ത് ഒന്നിച്ച് യുദ്ധം ചെയ്യാം. തകര്‍ന്നമനസ്സോടെ പ്രാര്‍ത്ഥനയില്‍ പോരാടിയാല്‍ ജയം നമുക്കായിരിക്കും.
കാക്കകള്‍ക്ക് ആകെയുള്ള ആയുധം അവരുടെ ചുണ്ടാണ്. പിന്നെ ഉച്ചത്തില്‍ കരയാനും അറിയാം.
എല്ലാവരും ഏറ് കൊള്ളപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്ന നിങ്ങളുടെ നാവില്‍ സ്വര്‍ഗ്ഗം അധികാരം തന്നിട്ടുണ്ട്. മുലകുടിക്കുന്നവരുടേയും ശിശുക്കളുടേയും വായില്‍ ബലം കല്പിച്ചിരിക്കുന്നു. നാം സൈന്യങ്ങളുടെ യഹോവയെ സ്തുതിക്കുമ്പോള്‍ നിസ്സഹായരായ നമുക്കുവേണ്ടി സ്വര്‍ഗ്ഗീയ ദൂതന്മാര്‍ യുദ്ധം തുടങ്ങും ബലഹീനരെങ്കിലും ഐക്യതയുള്ള കാക്കയ്ക്കാണ് ജയം എങ്കില്‍ ഐക്യതയുള്ള അഭിഷക്തന്മാര്‍ക്കാണ് ജയം.
കൊടുത്തു വിട്ടത് കൃത്യമായി എത്തിക്കുന്ന വിശ്വസ്തനാണ് കാക്ക. ഈ കാലഘട്ടത്തില്‍ പലയിടത്തുനിന്നും പലപ്പോഴായി പലതും പലരുടേയും കയ്യില്‍ കൊടുത്തുവിട്ടിട്ട് പകുതിപോലും എത്തേണ്ടിയിടത്ത് എത്തുകയില്ല. പാതിവഴി എത്തുമ്പോഴേ പകുതി സ്വന്തം പോക്കറ്റില്‍ പോകും. അതു കാരണം പകുതി വയറുമായി കഴിയുന്ന എത്രയോ പാവങ്ങള്‍ ഉണ്ട്. ഈ പാവങ്ങളുടെ പേരിലാണ് വരുത്തുന്നത്. ഇവരുടെ ഫോട്ടോയും അനുഭവസാക്ഷ്യവും അയച്ച് കൊടുക്കുന്നു. 10000 വന്നാല്‍ 5000 കൊടുക്കും. ബാക്കി വരുന്നയാളുടെ പോക്കറ്റില്‍ ഇരിക്കും. ജീവന്‍ കിടക്കാനുള്ളത് കൊടുക്കും എങ്കില്‍ അല്ലേ നാളേയും ഈ പേരില്‍ അക്കൗണ്ടില്‍ വരികയുള്ളൂ. സ്വന്തമായി വലിയ പ്രസ്ഥാനങ്ങളും സാമ്രജ്യങ്ങളും പടുത്തുയര്‍ത്തിയതും ബാങ്ക് ബാലന്‍സ് ഉണ്ടാക്കിയതും നേരായ മാര്‍ഗ്ഗത്തില്‍ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സങ്കീര്‍ത്തനക്കാരനോടൊപ്പം നമുക്കും നിലവിളിക്കാം.
യഹോവേ രക്ഷിക്കേണമേ; ഭക്തന്മാര്‍ ഇല്ലാതെ പോകുന്നു; വിശ്വസ്തന്മാര്‍ മനുഷ്യപുത്രന്മാരില്‍ കുറഞ്ഞിരിക്കുന്നു. (സങ്കീ. 12:1)
അല്പത്തില്‍ വിശ്വസ്തനായിരുന്നാല്‍ അധികത്തിനു വിചാരകനാക്കും.
വായുവില്‍ സഞ്ചരിക്കുന്ന കാക്ക നോക്കുമ്പോള്‍ വായുവില്‍ കൂടി പോകുന്ന ഇലക്ട്രിക്ക് കമ്പി കാണുന്നു. പുറമേ ഒരു കുഴപ്പവുമില്ല. എന്നാല്‍ ഇത് അപകടകാരിയാണെന്നുള്ള അറിവ് കാക്കകള്‍ക്കില്ല. ഇവ പോയി ഇരിക്കുന്നു. ഷോക്ക് അടിച്ച് താഴെ വീഴുന്നു. പിശാച് ഇതുപോലെ ചിലത് നമ്മുടെ കണ്‍മുമ്പില്‍ കൊണ്ടുവരും. പുറമേ നല്ലതെന്നു തോന്നും. എന്നാല്‍ അതില്‍ അപകടം ഒളിഞ്ഞിരിപ്പുണ്ട്.
നിങ്ങള്‍ പാമ്പിനെ പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിഷ്‌കളങ്കരുമായിരിപ്പിന്‍. കാനംഅച്ചന്റെ ഭാഷയില്‍ -പണം, പെണ്ണ്, പ്രതാപം ഇവ മൂന്നും പിശാചിന്റെ ആയുധപുരയിലെ രാസായുധങ്ങളാണ്. ഇതില്‍ ഏതെങ്കിലും ഒരു കമ്പിയില്‍ തട്ടി പലരും വീഴുന്നു. ലൂസിഫര്‍ വീണത് വേറൊരു കമ്പിയില്‍ തട്ടിയാണെങ്കില്‍ ശിംശോനും, ശലോമോനും വീണത് മറ്റൊരു വിധത്തിലുള്ള കമ്പിയില്‍ തട്ടിയാണ്. ചത്ത കാക്കയുടെ ചിറക് മുറിച്ചെടുത്ത് ഒരു കമ്പിയില്‍ കെട്ടി വെക്കും. മറ്റൊരു കാക്കയും നെല്ലോ ഗോതമ്പോ ഉണങ്ങുന്നിടത്ത് അടുക്കാതിരിക്കുവാനാണ്. ഇപ്രകാരം വീണുപോയ ചിലരെ പിശാച് പൊക്കിപിടിക്കും. കണ്ടോ ഇന്നയാള്‍ എന്തൊരു ശിശ്രൂഷയായിരുന്നു ഇപ്പോള്‍ എന്തായി. -നില്‍ക്കുന്നവന്‍ നില്‍ക്കുന്നെന്ന് തോന്നുന്നെങ്കില്‍ വീഴാതിരിപ്പാന്‍ സൂക്ഷിച്ച് കൊള്ളട്ടെ.
147-ാം സങ്കീര്‍ത്തനത്തില്‍ ഇപ്രകാരം കാണുന്നു: -അവന്‍ മൃഗങ്ങള്‍ക്കും കരയുന്ന കാക്കകുഞ്ഞുങ്ങള്‍ക്കും അതതിന്റെ ആഹാരം നല്‍കുന്നു.-
ഈ പ്രകൃതിയില്‍ ഏറ്റവും കൂടുതല്‍ കരയുന്ന പക്ഷി കാക്കയാണ്. ഇതിന്റെ സ്വരം കേള്‍ക്കാന്‍ അത്ര സുഖമൊന്നുമില്ല. നിങ്ങളുടെ പ്രാര്‍ത്ഥനാവാചകത്തിന് വലിയ സാഹിത്യഭംഗിയോന്നും മില്ലെങ്കിലും ഹൃദയത്തിന്റെ തേങ്ങലുകള്‍ക്ക് നമ്മുടെ ദൈവം മറുപടിതരും. ഏലിയാവിനുവേണ്ടി നിയോഗിക്കപ്പെട്ട കാക്ക അങ്ങോട്ട് പോകുന്നത് ക്രാ... ക്രാ... എന്ന് കരഞ്ഞോണ്ടാണ്. തിരികെ അങ്ങനെയല്ല. അഥവാ കരഞ്ഞാല്‍ അപ്പം താഴെപ്പോകും. ദൈവസന്നിധിയില്‍ വന്നിട്ട് തിരികെപ്പോകുമ്പോള്‍ കരഞ്ഞോണ്ടല്ല സന്തോഷത്തോടെ വേണം പോകുവാന്‍. എല്ലാപക്ഷികളും എല്ലാ മൃഗങ്ങളും എല്ലാ ആഹാരവും കഴിക്കാറില്ല. ഒരോന്നിനും വേണ്ടത് അതാത് സമയത്ത് ദൈവം നല്‍കുന്നു.
നമ്മുടെ തൊട്ടടുത്തിരിക്കുന്ന വ്യക്തിയുടെ ആവശ്യമല്ല നമ്മുടെ ആവശ്യം അത് എന്താണെന്നഗ്രഹിച്ച് നമുക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ദൈവം തയ്യാറാണ്. ഏലിയാവിന്റെ ദൈവം ഇന്നും ജീവിക്കുന്നു.
No comments:
Post a Comment