സാമ്പത്തീക വിടുതല്‍, മാനസിക വിടുതല്‍, ശാരീരിക വിടുതല്‍ തുടങ്ങിയ നിരവധി വിടുതലുകള്‍ നല്‍കുന്ന സ്‌പെഷ്യലിസ്റ്റുകള്‍ ഉണ്ട്. നിര്‍മ്മലമായ ദൈവവചനത്തിന്റെ ആഴങ്ങള്‍ ഒന്നും പലര്‍ക്കും കേള്‍ക്കേണ്ട. വിടുതല്‍ മതി.
ചെയ്തു പോയതും പറഞ്ഞുപിടിപ്പിച്ചതും തെറ്റിപോയെന്ന് സമ്മതിക്കാന്‍ മനസ്സില്ല. മനപ്പൂര്‍വ്വമായി വിട്ട്കളയാന്‍ തയ്യാറല്ല. വിട്ടുവിഴ്ച്ചയ്ക്കും ഇതര ക്രമീകരണങ്ങള്‍ക്കും ഒരുക്കമല്ല. വളരെ ദൂരെ നിന്ന് യാത്ര ചെയ്ത് ചെല്ലുന്നയാള്‍ വിടുതല്‍ നല്‍കി തിരിച്ചു പോരണോ?
ബ്രദറിന് വിടുതലിന്റെ ശുശ്രൂഷയുണ്ടോ? ഇതാണ് പലര്‍ക്കും അറിയേണ്ടത്. ഇരുവായ്തലയുള്ള വാളായ വചനംകൊണ്ട് പരിശുദ്ധാത്മാവ് ബൈപ്പാസ് സര്‍ജറി നടത്തിയാല്‍ ശരിയായ വിടുതല്‍ നടക്കും. പക്ഷേല്‍ അതിന് ഒന്നും സമര്‍പ്പിക്കുകയില്ല.
റെഡിമെയ്ഡ് വിടുതലാണ് പലര്‍ക്കും വേണ്ടത്. പഴുപ്പ് ഞെക്കികളയാതെ മരുന്ന് വെച്ച് കെട്ടി വിടുന്ന ചികിത്സ എത്രത്തോളം ശരിയാകും. വചനം ക്രീയ ചെയ്തിട്ടുണ്ടാകുന്നതാണ് ശരിയായ വിടുതല്‍ എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക.
കൈ അടിപ്പിച്ച് ശബ്ദ കോലാഹലമുണ്ടാക്കി എല്ലാവരും ഒന്ന് വിയര്‍ത്ത് ഒരു പരുവമായാല്‍ ഭയങ്കര വിടുതലായിരുന്നു എന്ന് സമ്മതിക്കും. സഹോദരങ്ങളേ വഞ്ചിക്കപ്പെടരുത്. പുറമേയുള്ള ഷോ കൊണ്ട് യഥാര്‍ത്ഥ വിടുതല്‍ നടക്കുന്നില്ല. ദൈവവചനം കേട്ടുകൊണ്ടിരിക്കുമ്പോള്‍ ദൈവസന്നിധിയില്‍ വാവിട്ട് നിലവിളിച്ചു അന്യോന്യം ക്ഷമിച്ച് നിരപ്പ് പ്രാപിക്കുന്നതാണ് വിടുതല്‍. തന്റെ തെറ്റുകളെ ഏറ്റ് പറഞ്ഞ് ഉപേക്ഷിക്കുന്നവന് കരുണ ലഭിക്കും. ഇതിനാര് തയ്യാറാകും. ബന്ധിക്കപ്പെട്ട അവസ്ഥയില്‍ നിന്ന് ഒരു മോചനം അതാണല്ലോ വിടുതല്‍. നമ്മുടെ ബന്ധനത്തിന്റെ കാരണം അയല്‍പക്കക്കാരനല്ല. നമ്മള്‍ തന്നെയാണ്.
ഇരുമ്പ് ഉലക്ക വിഴുങ്ങിയിട്ട് ചുക്കു കഷായം കുടിച്ചാല്‍ യാതൊരു രക്ഷയുമില്ല. അത് ഉലക്ക വിഴുങ്ങാനേരത്ത് ഓര്‍ക്കണമായിരുന്നു. സന്തതിയ്ക്ക് നിന്ന് ഫലിക്കുന്നത് പോലെ ഓരോ വിക്രിയകള്‍ ചെയ്തിട്ട് അവസാനം വിടുതല്‍ വേണമെന്ന് പറഞ്ഞാല്‍ സാധ്യമല്ല. യഹോവ ബാധയായി മാറിയാല്‍ എത്രവലിയ വിടുതല്‍ ശുശ്രൂഷക്കാരന്‍ വന്നാലും യാതൊരു നിവൃത്തിയും ഇല്ല.
പൊതുവായി നോക്കുമ്പോള്‍ പാപത്തില്‍ നിന്നുള്ള വിടുതലാണ് ഏറ്റവും വലിയത്- ഒന്നാമതായി ''നമ്മെ ഇരുട്ടിന്റെ അധികാരത്തില്‍ നിന്ന് വിടുവിച്ചു'' (കൊലോ. 1:13) ''അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളേയും അവന്‍ ഉയിര്‍പ്പിച്ചു.'' (എഫേ 2:1) കാല്‍വറി ക്രൂശില്‍ ക്രിസ്തു നിര്‍വ്വഹിച്ച വിടുതല്‍ വിളംബരം ചെയ്യുകയാണ് ഞങ്ങളെപ്പോലുള്ളവരുടെ ശുശ്രൂഷ. ഇവിടെ ധാരാളം ശുശ്രൂഷകന്മാരുണ്ട്. എന്നാല്‍ ഞങ്ങള്‍ വചനത്തിന്റെ ശുശ്രൂഷക്കാരാണ് (ലൂക്കോ 1:1) ഇപ്രകാരമുള്ള വിടുതല്‍ മാത്രമേ വചനാധിഷ്ഠിതമുള്ളൂ. വിടുതലും പോക്കറ്റില്‍ ഇട്ടുകൊണ്ട് ദൂരെനിന്ന് വരുന്ന ശുശ്രൂഷക്കാരനെയാണ് പ്രതീക്ഷിക്കുന്നത്. ഇപ്രകാരം റെഡിമെയ്ഡ് വിടുതല്‍ വേണ്ടിയവര്‍ക്ക് കാസര്‍ഗോഡ് മുതല്‍ കന്യാകുമാരിവരെ നിരവധി വിടുതല്‍ കേന്ദ്രങ്ങള്‍ ഉണ്ട്. ഈ ഭൂമിയിലെ താല്ക്കാലിക വിഷയങ്ങളുടെ പരിഹാരമാണ് വിടുതല്‍ എന്ന ധാരണ തിരുത്തണം.
''നാള്‍തോറും തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിപ്പിന്‍'' എന്നാണ് കര്‍ത്താവ് പറയുന്നത്. ഈ ഭൂമിയില്‍ ജീവിക്കുന്ന അത്രയുംനാള്‍ ക്രൂശിന്റെ അനുഭവം നമുക്ക് ഉണ്ട്. അതില്‍നിന്ന് ആരേയും ഒഴുവാക്കിയിട്ടില്ല. പ്രതിസന്ധികളെ ഇല്ലാതാക്കുന്ന ശുശ്രൂഷയാണ് പലരും പ്രതീക്ഷിക്കുന്നത്.
എബ്രായലേഖനത്തില്‍ തീയുടെ ബലം കെടുത്തിയെന്നാണ്. അല്ലാതെ തീയ് കെടുത്തിയെന്നല്ല. മനസ്സിലാക്കുവാന്‍ ഒരു ഉദാഹരണം പറയാം നമ്മുടെ ശരീരത്തില്‍ രോഗാണുക്കളും ശ്വോതാണുക്കളും ഉണ്ട്. രോഗാണുക്കള്‍ ശക്തിപ്പെടുമ്പോള്‍ നമ്മള്‍ രോഗികളാകും. എന്നാല്‍ ശ്വോതാണുക്കള്‍ ശക്തന്മാരാണെങ്കില്‍ നമ്മളിലെ വൈറ്റല്‍ ഫോഴ്‌സ് അഥവാ ജീവശക്തി സജീവമായി നില്ക്കും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്. എന്ന് കേട്ടിട്ടില്ലേ? ശ്വോതാണുക്കള്‍ ശക്തന്മാരായി നില്‍ക്കണം. അതിനുവേണ്ട ആഹാരവും വ്യായാമവും ചിട്ടയായ ജീവിതരീതിയും വേണം. എന്നതു പോലെ, പ്രശ്‌നങ്ങള്‍ അവിടെ നില്ക്കുമ്പോള്‍ തന്നെ നമ്മുടെ അകത്തെ മനുഷ്യന്‍ ബലവാനായിരിക്കണം. ദൈവകൃപകൊണ്ട് നമുക്ക് സകലതിനേയും ജയിക്കാന്‍ കഴിയും. അപ്രകാരം അകമേയുള്ള മനുഷ്യന്‍ ബലാവാനാകണമെങ്കില്‍ ആത്മീയ ആഹാരം ചെല്ലണം. അതുകൊണ്ടാണ് പറയുന്നത് വചനത്തിന്റെ ആഴങ്ങളില്‍ വേരുന്നണമെന്ന്. കൊലോസ്യ 2:7 നോക്കുക ''അവനില്‍ വേരൂന്നിയും'' എന്നുവെച്ചാല്‍ വചനത്തില്‍ ഉറയ്ക്കണം. കൊടുങ്കാറ്റുപോലുള്ള പ്രശ്‌നങ്ങള്‍ ആഞ്ഞടിച്ചെന്നിരിക്കും. എന്നാല്‍ തകര്‍ത്തുകളയുവാന്‍ സാധിക്കില്ല. ഇങ്ങനെയുള്ളവര്‍ക്ക് മാത്രമേ തീയെ അങ്ങനെ നിര്‍ത്തി അതിന്റെ ബലം കെടുത്തുവാന്‍ കഴിയൂ.
അല്ലാതെ കുറെ ബഹളംകൊണ്ടും കയ്യടിയുംകൊണ്ടും ഒരു കാര്യവുമില്ല. കാനം അച്ചന്‍ പറയുന്നതു പോലെ നമ്മുടെ പ്രതിസന്ധികളിലാണ് നമ്മിലെ കൃപാവരം വെളിപ്പെടേണ്ടത്.
ദൈവവചനം നന്നായി പറയുന്നവരെ നിങ്ങളുടെ സഭകളില്‍ ക്ഷണിച്ച് ശുശ്രൂഷയ്ക്ക് അവസരം കൊടുക്കുക. പരിശുദ്ധാത്മാവ് എല്ലാം ഭംഗിയായി ചെയ്തു കൊള്ളും. വചനം പ്രസംഗിച്ചിട്ട് ഉണ്ടാകുന്ന വിടുതല്‍ മതിയെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. അല്ലാതെയുള്ള വിടുതല്‍ എല്ലാം ശുദ്ധ തട്ടിപ്പാണ്.
ഒരിക്കല്‍ കൊട്ടാരക്കരയ്ക്കപ്പുറം ഓയ്യൂര്‍ ഭാഗത്ത് ഒരു ശുശ്രൂഷയ്ക്കായി ചെന്നു. അവിടുത്തെ ദൈവദാസന്‍ സംസാരിച്ച കൂട്ടത്തില്‍ ഇപ്രകാരം പറഞ്ഞു: ബ്രദറേ ഇന്നിപ്പോള്‍ വചനം മാത്രം പോരാ വിടുതലിന്റെ ശുശ്രൂഷകൂടെ ഉണ്ടെങ്കിലെ ജനം കൂടുകയുള്ളു.
കാല്‍വറി മലയില്‍ യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട കള്ളന്‍ അത്രയും പറഞ്ഞ സ്ഥിതിയ്ക്ക് ''ബ്രദറിന് ഇത്രയും വെളിപ്പാട് ഉണ്ടായല്ലോ ക്രൂശില്‍ നിന്ന് ഇറങ്ങിപ്പോയ്‌ക്കോ'' എന്നു പറഞ്ഞ് അവനെ ഇറക്കി വിടേണ്ടതല്ലേ. അങ്ങനെ ചെയ്തിരുന്നെങ്കില്‍ നമ്മള്‍ വിടുതല്‍ എന്ന് കൊട്ടിഘോഷിക്കുമായിരുന്നു. ക്രിസ്തു അരുതാത്തതൊന്നും ചെയ്തിട്ടില്ലെന്നും അവന്‍ തെറ്റ് ചെയ്തവനാണെന്നും അവനെ ഓര്‍ത്തുകൊള്ളണമെന്നും ഒക്കെ പറഞ്ഞതല്ലേ. കര്‍ത്താവ് അവനോട് എന്താണ് പറയുന്നത്. ''ഇന്ന് നീ എന്റെ കൂടെ പറുദീയില്‍ ഇരിക്കും'' റോമന്‍ കോടതി കുറ്റവാളിയാണെന്ന് സാക്ഷികളെ വെച്ച് നിരത്തി ശിക്ഷവിധിച്ച ഒരുവനെ യേശു വെറുതെ ക്രൂശില്‍ നിന്ന് ഇറക്കി വിട്ടാല്‍ അത് ഒരു വിധത്തിലും ന്യായികരിക്കാന്‍ കഴിയില്ല. ആ രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. മാത്രമല്ല അങ്ങനെ വെറുതെ വിട്ടാല്‍ അവന്‍ പിന്നേയും പഴയ പണിതുടങ്ങും.
അതിനേക്കാള്‍ നല്ലത് ക്രൂശില്‍ കിടന്ന് മരിച്ച് നിത്യതയില്‍ എത്തുന്നതാണ്. ഇതാണ് യേശുകൊടുക്കുന്ന വിടുതല്‍. വചനം ക്രീയചെയ്തിട്ട് ഉണ്ടാകുന്ന വിടുതല്‍ വേണ്ടത്തവന്റെ പ്രോഗ്രാം വേണ്ടെന്ന് വെക്കണം.
ഒരിക്കല്‍ ദേശാധിപതിയായ ഫെലിക്‌സ് കുടുംബസമ്മേതം പൗലോസിന്റെ പ്രസംഗം കേള്‍ക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് അവരുടെ സ്വവസതിയില്‍ തന്നെ ക്ഷണിച്ചു. നമ്മുടെ മുഖ്യമന്ത്രിയുടെയോ, ഏതെങ്കിലും എം.പിയുടെയോ വീട്ടില്‍ പ്രോഗ്രാമിന് വിളിച്ചാല്‍ ഇന്നത്തെ പൗലോസ്മാര്‍ എന്തായിരിക്കും പ്രംസഗിക്കുക. ഇന്ന് മിന്നിനില്ക്കുന്ന ഒരു വിടുതല്ക്കാര്‍ക്കും ഇങ്ങനെ ഒരു അവസരം ലഭിച്ചിട്ടില്ല. അഥവാ ലഭിച്ചാല്‍ വലിയ തുക സ്‌തോത്രകാഴ്ച്ച വാങ്ങി പോരുകയും ചെയ്യും. കേസില്‍ നിന്ന് മോചനം ലഭിക്കുവാന്‍ ദ്രവ്യം കൊടുക്കും എന്നാണ് ഫെലിക്‌സ് വിചാരിച്ചത്.
തന്നെ ക്ഷണിച്ച വി.ഐ.പി യുടെ വ്യക്തിപരമായ വിഷയങ്ങള്‍ക്ക് പ്രാര്‍ത്ഥിച്ച് കനമുള്ള കവറും വാങ്ങി കിട്ടുന്ന വണ്ടിക്ക് അടുത്ത സ്റ്റേജ് പിടിക്കുന്നതല്ലേ ഉചിതം.
ഇന്നത്തെ അപ്പോസ്‌തോസലവന്മാരുടെ ശ്രദ്ധയ്ക്ക് ഒരു കാര്യം പറയട്ടെ പൗലോസിന് ശുശ്രൂഷ ഇല്ലാത്തതുകൊണ്ടാ അവസരങ്ങള്‍ ലഭിക്കാത്തതുകൊണ്ടോ അല്ല താന്‍ പട്ടിണിയും പൈദാഹവും ഒക്കെ അനുഭവിച്ചത്. നീതി ഇന്ദ്രജയം, വരുവാനുള്ള ന്യായ വിധി ഇവമടികൂടാതെ പ്രസംഗിച്ചതുകെണ്ടാണ്. സത്യവചനം പറഞ്ഞാല്‍ ഒരു പക്ഷേ പോക്കറ്റ് നിറയണമെന്നില്ല. വ്യക്തമായി വചനത്തിന്റെ ആഴങ്ങള്‍ പറഞ്ഞപ്പോള്‍ അവന്റെ ചങ്കിന്‌കൊണ്ടു. പാപസ്വഭാവത്തെ വചനം തൊട്ടു. ഫെലിക്‌സ് ഭയപരവശനായി. തല്ക്കാലം പോകാം അവസരമുള്ളപ്പോള്‍ നിന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു. കറ തീര്‍ന്ന വചനം പറയുന്നവന് വലിയ സ്വീകരണം ലഭിക്കുകയില്ലെന്ന് ഇപ്പോള്‍ മനസ്സിലായല്ലോ? യഹൂദന്മാരുടെ പ്രീതിലഭിപ്പാന്‍ പൗലോസിനെ തടവുകാരനായി വിട്ടേച്ച് പോയി. സത്യവചനം മായം ചേര്‍ക്കാതെ നല്‍കിയാല്‍ താലപ്പൊലിയല്ല മറിച്ച് തടവറയെ ലഭിക്കൂ. എങ്കിലും അധൈര്യപ്പെടരുത്. നീതി ഇന്ദ്രിയജയം വരുവാനുള്ള ന്യായവിധി, ഇവ പ്രസംഗിക്കേണം. എന്നിട്ട് ഉണ്ടാകുന്ന വിടുതല്‍ മതിയെന്ന് വെക്കണം. കര്‍ത്താവിന്റെ വരവില്‍ എടുക്കപ്പെടുവാന്‍ ഓരോ ദിവസവും നമ്മെ വിശുദ്ധിയില്‍ ഒരുക്കുവാന്‍ കഴിഞ്ഞാല്‍ അതാണ് ഏറ്റവും വലിയ വിടുതല്‍. പാപത്തോട് പ്രാണത്യാഗത്തോളം എതിര്‍ത്ത് നില്ക്കാന്‍ കഴിഞ്ഞാല്‍ അതല്ലേ വിടുതല്‍.
ആത്മനിറവില്‍ ദൈവവചനം സംസാരിക്കുക. രോഗികള്‍ സൗഖ്യമാകും. ഭൂതങ്ങള്‍ വിട്ടുപോകും. പരിശുദ്ധാത്മാവ് എല്ലാം ചെയ്യും.
Writer of this article is Johnson Samuel, Kannur
No comments:
Post a Comment